'വെന്‍റോ ഫിക്സ് ചെയ്തതല്ലേ,രാത്രി വന്നപ്പഴാണ് ഇത് കണ്ടത്,അപ്പഴേ കിളി പോയി';കിരണ്‍-വിസ്മയ സംഭാഷണം പുറത്ത്

'വെന്‍റോ ഫിക്സ് ചെയ്തതല്ലേ,രാത്രി വന്നപ്പഴാണ് ഇത് കണ്ടത്,അപ്പഴേ കിളി പോയി';കിരണ്‍-വിസ്മയ സംഭാഷണം പുറത്ത്

കൊല്ലം: വിസ്മയ കേസില്‍ (Vismaya Case) ഇന്ന് വിധി വരാനിരിക്കേ വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന് കൂടുതല്‍ തെളിവ് പുറത്ത്. വിലകൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയോട് ഭര്‍ത്താവ് കലഹിക്കുന്ന സംഭാഷണം പുറത്തുവന്നു. തനിക്ക് ഇഷ്ടപ്പെട്ട മോഡല്‍ കാറല്ല സമ്മാനമായി നല്‍കിയതെന്ന് പറഞ്ഞാണ് കിരണ്‍ കലഹിക്കുന്നത്. 'ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം. അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു.  വെന്‍റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്‍റെ കിളി പോയി', എന്നിങ്ങനെയാണ് കിരണ്‍ വിസ്മയയോട് ഫോണില്‍ പറയുന്നത്. 

അതേസമയം കിരണ്‍ കുമാറിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാതൃകാപരമായ ശിക്ഷ കിട്ടണം. പഴുതടച്ച അന്വേഷണമാണ് നടന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. മകള്‍ അനുഭവിച്ചതിന്‍റെ നാലിലൊന്നെങ്കിലും കിരണും അനുവഭിക്കും. കിരണ്‍ കുമാര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് തനിക്ക് നേരെ ഭീഷണികത്ത് വന്നിരുന്നു. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ മകന്‍റെയും  മകളുടെയും പേരില്‍ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.

കിരണിന്‍റെ പെങ്ങള്‍ക്ക് 100 പവന്‍ കൊടുത്തിരുന്നതായും വിസ്‍മയയ്ക്ക് നിങ്ങളെന്ത് കൊടുക്കുമെന്നായിരുന്നു കിരണിന്‍റെ വീട്ടില്‍ കല്ല്യാണത്തിന് മുമ്പ് പോയപ്പോള്‍ ഞങ്ങളോട് ചോദിച്ചത്. അന്ന് അത് എതിര്‍ത്ത് പോയിരുന്നെങ്കില്‍ വിസ്മയ ഇന്ന് ജീവിച്ചിരുന്നേനെ. സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് ആരും കുട്ടിയെ കൊടുക്കരുതെന്നും വിസ്‍മയയുടെ അച്ഛന്‍ പറഞ്ഞു. അച്ഛനോട് ഫോണില്‍ തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരണമെന്ന് വിസ്മയ ആവശ്യപ്പെട്ടതിന് പിന്നാലെ കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ കോളേജില്‍ നിന്ന് കിരണ്‍ വിസ്മയയെ വീണ്ടും കൂട്ടിക്കൊണ്ട് പോവുകയായിരുന്നെന്നും വിസ്‍മയയുടെ അമ്മ പറഞ്ഞു.