'കോവിഡ് നിയന്ത്രണങ്ങള്‍ അപ്രായോഗികവും അധാര്‍മികവും', പിന്‍വലിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

കൊച്ചി: കോവിഡ് നിയന്ത്രണം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍. ജനജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുകയും വാക്സിന്‍ എടുത്തവരും എടുക്കാത്തവരുമെന്ന രീതിയില്‍ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന ഉത്തരവില്‍ പ്രതിഷേധിക്കുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഏറ്റവും രോഗവ്യാപനമുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. ഇത് ഇവിടത്തെ നിയന്ത്രണങ്ങള്‍ പരാജയമാണെന്നാണ് തെളിയിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍, മാസശമ്ബളത്തിന്റെ സുരക്ഷ ഇല്ലാത്തവരെ രോഗം വരുന്നതിനേക്കാള്‍ വലിയ ദുരന്തത്തിലേക്ക് തള്ളിവിടുന്നു. പുതിയ നിയന്ത്രണങ്ങള്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ അപ്രായോഗികമാണ്.
സമൂഹത്തിലെ പകുതി ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതാണ് പുതിയ ഉത്തരവ്. ഉപ്പും മുളകും തേയിലയും വാങ്ങാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ കോവിഡ് പരിശോധനാ സിര്‍ട്ടിഫിക്കറ്റോ വേണമെന്ന് നിബന്ധന അംഗീകരിക്കാന്‍ കഴിയില്ല. വാക്സിന്‍ ലഭിക്കാത്തവരും എടുക്കാത്തവരും രണ്ടാംകിട പൗരന്മാരാണെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ആരാണ് അധികാരം നല്‍കിയത്? തൊഴിലിടങ്ങളില്‍ പോലും വാക്സിന്‍ നിര്‍ബന്ധിതമാക്കാന്‍ കഴിയില്ലെന്ന് വിവിധ ഹൈക്കോടതികള്‍ ഉത്തരവിട്ടിട്ടുണ്ട്. ഒരു വ്യക്തിയെയും വാക്സിന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്.
കോവിഡ് വാക്സിന്‍ സ്വീകരിച്ചാലും വൈറസ് ബാധയുണ്ടാകാമെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. പിന്നെ എങ്ങനെയാണ് വാക്സിന്‍ എടുത്തവര്‍ പുറത്തിറങ്ങിയാല്‍ രോഗവ്യാപനം ഉണ്ടാകില്ലെന്നും മറ്റുള്ളവര്‍ പുറത്തിറങ്ങിയാല്‍ വ്യാപനം ഉണ്ടാകുമെന്നും സര്‍ക്കാര്‍ പറയുന്നത്?
അശാസ്ത്രീയവും അധാര്‍മികവും നിയമവിരുദ്ധവുമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം. എല്ലാ ചികിത്സാ പദ്ധതികളിലെയും വിദഗ്ധരെയും വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളെയും വിളിച്ചുചേര്‍ത്ത് കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടണം. പുതിയ രീതികള്‍ നിലവില്‍ വരുന്നതുവരെ രോഗലക്ഷണമുള്ളവരെ മാത്രം നിയന്ത്രിക്കുന്ന രീതി തുടരണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ഡോ. വി എസ് വിജയന്‍, കല്‍പ്പറ്റ നാരായണന്‍, സി ആര്‍ നീലകണ്ഠന്‍, കുസുമം ജോസഫ്, അഡ്വ. പിഎ പൗരന്‍, ശരത് ചേലൂര്‍ തുടങ്ങിയവരാണു പ്രസ്താവന പുറപ്പെടുവിച്ചത്.