58 കാരന് നാലാമത്തെ തവണയും ഹൃദയം തുറന്ന് സങ്കീര്‍ണമായ അപൂര്‍വ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഇന്‍ഡ്യാന ആശുപത്രി; നേട്ടം കൈവരിച്ചത് ഡോ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍

കാസര്‍കോട്: (30.07.2021) മംഗളൂറിലെ ഇന്‍ഡ്യാന ആശുപത്രിയില്‍ 58 കാരന് നാലാമത്തെ തവണയും ഹൃദയം തുറന്ന് അപൂര്‍വ ബൈപാസ് ശസ്ത്രക്രിയ (ബീറ്റിംഗ് ഹാര്‍ട് റീഡൂ ബൈപാസ്) വിജയകരമായി പൂര്‍ത്തിയാക്കിയതായി മാനജിംഗ് ഡയറക്ടറും കാര്‍ഡിയോളജിസ്റ്റുമായ ഡോ. യൂസഫ് കുമ്ബളയും ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ആന്‍ഡ് വാസ്കുലാര്‍ ഡയറക്ടര്‍ ഡോ. മൂസക്കുഞ്ഞിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ സ്വദേശിയായ ഉമര്‍ ആണ് അപൂര്‍വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഡോ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 15 വര്‍ഷം മുമ്ബാണ് ഇദ്ദേഹത്തിന് അസുഖം ബാധിച്ചത്. നെഞ്ചുവേദനയും ഹൃദയാഘാതവും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റ് ചെയ്തു. തുടര്‍ന്ന് എട്ട് വര്‍ഷം ബുദ്ധിമുട്ടില്ലായിരുന്നു. വീണ്ടും നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ബൈപാസ് ചെയ്‌ത് മൂന്ന് ബ്ലോക് മാറ്റി. പിന്നീട് ഉമറിന് വീണ്ടും രണ്ട് പ്രാവശ്യം നെഞ്ചിലെ പേശികള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു.
എന്നാല്‍ രണ്ട് മാസം മുമ്ബ് ശക്തമായ നെഞ്ച് വേദനയെ തുടര്‍ന്ന് ഇദ്ദേഹത്തെ തൃശൂരിലെ ആശുപത്രിയില്‍ ഐ സി യുവില്‍ അഡ്മിറ്റ് ചെയ്‌തു. വീണ്ടും ബൈപാസ് വേണമെന്ന അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് നടക്കാനോ ഇരിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല . ഉടനെ ആംബുലന്‍സില്‍ ഇന്‍ഡ്യാനയില്‍ എത്തിച്ചു.
ബ്ലോക് വികസിച്ചതായും ഹൃദയ പേശികളിലേക്ക് രക്തം വളരെ കുറച്ച് മാത്രമേ പമ്ബ് ചെയ്യുന്നതായും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് അതിസങ്കീര്‍ണവും വ്യത്യസ്തവും അപൂര്‍വവുമായ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. നാലാമത്തെ തവണയും ഹൃദയം തുറക്കുകയെന്ന അപൂര്‍വ സംഭവമാണ് നടന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഹൃദയമിടിപ്പ് നിര്‍ത്താതെ ഹൃദയം പ്രവര്‍ത്തിക്കുമ്ബോള്‍ തന്നെയാണ് ശസ്ത്രക്രിയ നടന്നതെന്ന അപൂര്‍വതയും ഈ ശസ്ത്രക്രിയയ്ക്കുണ്ട്. ബ്ലോക് മാറ്റുന്നതിന് രോഗിയുടെ കാലില്‍ നിന്നാണ് സിരകള്‍ എടുത്തത്.
ഇങ്ങനെ ഇദ്ദേഹത്തിന് ഇടയ്ക്കിടെ ബ്ലോക് വരാനുള്ള കാരണവും കണ്ടെത്തി. രക്തധമനിയുടെ മുകളില്‍ അമിതമായി മസില്‍ വളര്‍ന്നതായിരുന്നു പ്രശ്‌നം. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹത്തെ ഇത് തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഏകദേശം മൂന്ന് സെന്റി മീറ്റര്‍ നീളമുള്ള ഇവ ശസ്ത്രക്രിയക്കിടെ മുറിച്ചുമാറ്റുകയും ചെയ്‌തു. ലോകത്ത് തന്നെ ഇത് കേട്ടുകേള്‍വിയില്ലാത്തതാണ്.
വളരെ കുറച്ച് രക്തം മാത്രമാണ് ഇദ്ദേഹത്തിന് നല്‍കേണ്ടി വന്നത്. രണ്ടര ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു ചെലവ്. ദക്ഷിണേന്ത്യയില്‍ തന്നെ അപൂര്‍വമാണ് ഇത്തരം സംഭവമെന്നും രോഗി പൂര്‍ണമായും സന്തോഷത്തോടെ ആശുപത്രി വിട്ടതായും ഡോക്ടര്‍മാര്‍ പറഞ്ഞു.