600 പേരില്‍ 6 പേര്‍ക്ക് ക്യാന്‍സര്‍ ; സൗജന്യ പരിശോധന പദ്ധതികള്‍ക്ക് മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രി തുടക്കം

ഇടുക്കി: മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച സൗജന്യ പരിശോധന പദ്ധതികളുടെ ഭാഗമായി പരിശോധിച്ച 600 പേരില്‍ 6 പേര്‍ക്ക് ക്യാന്‍സര്‍ (Cancer) രോഗം തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും അതിലധികം സാധാരണക്കാരും വസിക്കുന്ന മൂന്നാര്‍ മേഖലയില്‍ ക്യാന്‍സര്‍ രോഗം പലരിലും കണ്ടെത്തിയതോടെയാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയുടെ (Tata General Hospital Munnar ) നേത്യത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചത്. മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലകള്‍, ടാക്‌സി സ്റ്റാന്റുകള്‍, കോളനികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കഴിഞ്ഞ ആറുമാസത്തിനിടെ പത്തോളം ക്യാമ്പുകളില്‍ നടന്ന പരിശോധനയില്‍ 600 ഓളം പേരാണ് പങ്കെടുത്തത്. ഇതില്‍ 6 പേര്‍ക്ക് ക്യാസര്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. പലതും വൈകി കണ്ടെത്തിയതിനാല്‍ ഭേദമാകാന്‍ കാല താമസമെടുക്കുമെന്നാണ് ആശുപത്രി ഡയറക്ടര്‍ ഡേവിഡ് ജെ ചെല്ലി പറയുന്നത്. അതുകൊണ്ട് രോഗം കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധനകളില്‍ എല്ലാവരും പങ്കെടുക്കണം. രോഗം ആദ്യഘട്ടത്തില്‍ കണ്ടെത്തിയാല്‍ മരുന്നുകള്‍ ഉപയോഗിച്ച് രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും. ഇല്ലെങ്കിലും ചിലപ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിയില്ല.

എല്ലാവര്‍ക്കും പരിശോധനകളില്‍ പങ്കെടുക്കുവാന്‍ ലോക അര്‍ബുദ ദിനത്തോട് അനുബന്ധിച്ച് ടാറ്റാ ജനറല്‍ ആശുപത്രിയില്‍ സൗജന്യ രോഗ നിര്‍ണയ ക്യാമ്പിനും തുടക്കം കുറിച്ചിട്ടുണ്ട്. ദേവികുളം എംഎല്‍ അഡ്വ. രാജയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കാരിക്കോസ് കാന്‍സര്‍ സെന്റര്‍, മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രോഗനിര്‍ണയം നേരത്തെ തന്നെ തിരിച്ചറിയുന്നതിലൂടെ രോഗത്തിന്റെ പിടിയില്‍ നിന്നും അതിജീവിക്കാന്‍ രോഗികളെ പര്യാപ്തമാക്കുന്ന വിധത്തില്‍ ക്ലോസ് ദ കെയര്‍ ഗ്യാപ്പ് ക്യാംപെയ്ന്‍ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

രോഗനിര്‍ണയം നടത്തി രോഗമുണ്ടെന്ന് തെളിഞ്ഞാല്‍ വിവിധ ഘട്ടങ്ങളായി നല്‍കുന്ന ചികിത്സകളിലൂടെ രോഗം ഭേദമാക്കുവാന്‍ കഴിയുകയും അതിലൂടെ രോഗികള്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ദിവസം ഒരു രൂപ എന്ന നിലയില്‍ ഇന്‍ഷുറന്‍സ് തുക നിശ്ചയിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുന്നവരില്‍ രോഗമുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് ചികിത്സയ്ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിധത്തിലുള്ള പദ്ധതിക്കും ഇതിന്റെ ഭാഗമായി രൂപം കൊടുക്കും.  കാരിക്കോസ് കാന്‍സര്‍ സെന്ററിലെ ഡോ. അശ്വിന്‍, മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തു പറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വിക്ടര്‍ ജോര്‍ജെറ്റ് മേജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.