ഡി.ലിറ്റ് വിവാദം,വിസിയുടെ തുറന്നുപറച്ചിൽ; കേരള സർവകലാശാല അടിയന്തിര സിൻഡിക്കേറ്റ് യോഗം വിളിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയുടെ (Kerala University) അടിയന്തിര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന ഗവർണ്ണറുടെ ശുപാർശ കേരള സർവകലാശാല വൈസ് ചാൻസലർ തള്ളിയെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തൽ യോഗം ചർച്ച ചെയ്യും. വി.സി നൽകിയ കത്തിനെ അതിരൂക്ഷമായി ഗവർണ്ണർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള വി.സി ഇന്നലെ പ്രസ്താവനയും ഇറക്കിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്.
മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് കേരള വി.സി വി പി മഹാദേവൻ പിള്ള (V P Mahadevan Pillai) തുറന്നുപറഞ്ഞത്. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാൻ പരമാവധി ശ്രമിക്കുമെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തിന്‍റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി വ്യക്തമാക്കിയിരുന്നു.
അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണം വേണമെന്ന അഭിപ്രായം സിൻഡിക്കേറ്റ് അംഗങ്ങൾക്കുണ്ട്. യോഗത്തിൽ വിസിയുടെ വിശദീകരണവും സിൻഡിക്കേറ്റ് തീരുമാനവും നിർണ്ണായകമാണ്. സിൻഡിക്കേറ്റ് ചേരാതെയാണ് ഗവർണ്ണറുടെ ശുപാർശ തള്ളിയത് എന്നുള്ളതും വിവാദമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്നത് നിർണായകമാണ്.
നേരത്തെ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ശുപാർശ തള്ളിയെന്ന് ഗവർണ്ണർ പരസ്യമായി സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്നുള്ള നിർദ്ദേശം കൊണ്ടാണ് സിൻഡിക്കേറ്റ് യോഗം വിളിക്കാതെ ശുപാർശ തള്ളേണ്ടിവന്നതെന്ന് കേരള വിസി അറിയിച്ചെന്നും ഗവർണ്ണർ വെളിപ്പെടുത്തിയിരുന്നു. ശുപാർശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ചാൻസിലറുടെ ശുപാർശ ധിക്കരിച്ച് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമെന്ന് പറഞ്ഞ് കേരള വിസിക്കെതിരെ ഗവർണ്ണർ തുറന്നടിച്ചത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്.