നടിയെ ആക്രമിച്ച കേസ്, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ദില്ലി: നടിയെ ആക്രമിച്ച കേസിലെ (Actress assault case) രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക്( Martin antony) സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിർണായക ഘട്ടത്തിലുള്ള കേസിനെ ബാധിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള സർക്കാർ വാദം കോടതി തള്ളി. മാർട്ടിന് ജാമ്യം അനുവദിച്ചാൽ ഒന്നാം പ്രതി പൾസർ സുനിയും കോടതിയെ സമീപിക്കുമെന്നും സർക്കാർ വാദിച്ചു.

എന്നാൽ അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്നും മറ്റ് പല പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ വയ്ക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. 

ആക്രമണം നടന്ന ദിവസം നടി വീട്ടില്‍നിന്ന് യാത്രതിരിച്ച വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ ആന്റണി ആയിരുന്നു. കേസില്‍ മാര്‍ട്ടിന് പങ്ക് ഉണ്ടെന്നാണ് സർക്കാർ വാദം. മാർട്ടിന്റെ അറിവോടെയാണ് എല്ലാം നടന്നത്. അതല്ലായിരുന്നുവെങ്കിൽ നടി ആക്രമിക്കപ്പെടില്ലായിരുന്നുവെന്നും കോടതിയിൽ സർക്കാർ വാദിച്ചു. 

അതേ സമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകളുണ്ടായിരുന്ന മൊബൈൽ ഫോണുകളെത്തിയ മുംബൈ ലാബിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. മൊബൈൽ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്.ആറ് ഫോണുകളിലേയും വിവരങ്ങൾ ആദ്യം ഒരു ഹാർഡ് ഡിസ്കിലേക്ക് ലാബിൽ നിന്നും മാറ്റിയിരുന്നു. അതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഫോണുകളിലെ ഡാറ്റ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർ കോപിക്ക് പുറമേ, ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബിൽ, ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ട് എന്നിവയടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ചതിന് ലാബിനെതിരെയും നടപടി എടുക്കാനും സാധ്യതയുണ്ട്.