അപകടത്തിന് പിന്നാലെ ഹോട്ടലുടമയുടെ നിര്‍ദേശം; ദൃശ്യങ്ങളടങ്ങിയ ഡിവിആര്‍ കായലിലെറിഞ്ഞെന്ന് ജീവനക്കാര്‍

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസ് വഴിത്തിരിവിലേക്ക്. വിവാദ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ നശിപ്പിച്ചെന്ന് ഡി.ജെ.പാര്‍ട്ടി നടന്ന ഹോട്ടലിലെ ജീവനക്കാര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുടമയെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയാണ് ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ. സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെയും പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. അപകടത്തിനു തൊട്ടുമുമ്പ് ഹോട്ടലില്‍ നടന്ന ഡി.ജെ. പാര്‍ട്ടിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര്‍. നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പാലാരിവട്ടം ബൈപ്പാസില്‍ നടന്ന അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്ന റഹ്‌മാന്‍ മാത്രമാണ് രക്ഷപ്പെട്ടത്.
സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് കരുതുന്നത്. തുടര്‍ന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാനാണ് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഔഡി കാര്‍ പിന്തുടര്‍ന്നതെന്നാണ് സംശയം.
അപകടം നടന്നതിന് പിന്നാലെ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ റോയിയുടെ നിര്‍ദേശപ്രകാരം മാറ്റിയെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് റോയിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇയാള്‍ മൂന്നുതവണ ഇത് അവഗണിച്ചിരുന്നു.
ചൊവ്വാഴ്ച ഒരു ഡി.വി.ആറുമായി റോയി പോലീസിനു മുന്നില്‍ ഹാജരായി. എന്നാല്‍, ഹോട്ടലില്‍നിന്ന് മാറ്റിയ ഒരു ഡി.വി.ആര്‍. മാത്രമായിരുന്നു എത്തിച്ചത്. ഇതേ തുടര്‍ന്ന് ഡി.ജെ. പാര്‍ട്ടി നടന്ന ഹാളിലെ ഡി.വി.ആറുമായി ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കി പോലീസ് വിട്ടയച്ചു. എന്നാല്‍, ബുധനാഴ്ച രണ്ടാമത്തെ ഡി.വി.ആറില്ലാതെയാണ് റോയി എത്തിയത്. ഇത് നശിപ്പിച്ചെന്നായിരുന്നു മൊഴി. ഇതേ തുടര്‍ന്ന് നമ്പര്‍ 18 ഹോട്ടലില്‍ റോയിയുമായി എത്തി പോലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
വീണ്ടും റോയിയെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇതിനിടെ ഡി.വി.ആര്‍. ഉപേക്ഷിക്കാനുള്ള സാധ്യത പരിഗണിച്ച് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്തു. കായയില്‍ ഉപേക്ഷിച്ചെന്ന് ജീവനക്കാര്‍ മൊഴി നല്‍കി. ഇവരില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തേവര കണ്ണങ്ങാട്ട് പാലത്തിനു സമീപം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.