ലഗേജ് വൈകിയതിന് വിമാനക്കമ്പനി 11 ലക്ഷം നഷ്‍ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്

കുവൈത്ത് സിറ്റി: യാത്രക്കാരന്റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തിയ വിമാനക്കമ്പനി 4,400 ദിനാര്‍ (11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്‍ട പരിഹാരം നല്‍കണമെന്ന് കുവൈത്ത് പരമോന്നത കോടതിയുടെ ഉത്തരവ്. രാജ്യത്തെ ഒരു സ്വകാര്യ വിമാനക്കമ്പനിക്കെതിരെയാണ് യാത്രക്കാരന്‍ കോടതിയെ സമീപിച്ചത്. തന്റെ ലഗേജ് അഞ്ച് ദിവസം വൈകിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് മറ്റൊരു വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നതെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. ദുബൈ വിമാനത്താവളത്തില്‍ ട്രാന്‍സിറ്റ് ചെയ്യന്നതിനിടെയാണ് ലഗേജ് എത്തിയിട്ടില്ലെന്ന് മനസിലായത്. പിന്നീട് അഞ്ച് ദിവസം വൈകിയാണ് ലഗേജ് തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതെന്ന് യാത്രക്കാരന്‍ ആരോപിച്ചു. ഇതുകൊണ്ടുണ്ടായ മാനസിക, സാമ്പത്തിക നഷ്‍ടങ്ങള്‍ക്ക് പകരമായി നഷ്‍ടപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാള്‍ കോടതിയെ സമീപിച്ചത്. വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ കഴിഞ്ഞ ദിവസമാണ് വിധി പറഞ്ഞത്.