തലയോടിന്റെ ഒരു ഭാഗം ഫ്രീസറിൽ: കിടന്നു പഠിച്ച് സർക്കാർ ജോലി: അജിത് രാജ് ഇനി ഓർമ

വക്കീലായി ജോലി ചെയ്യവേ അപകടം. ഏറെനാൾ ആശുപത്രിയിൽ അബോധാവസ്ഥയിൽ. തലയോടിന്റെ ഒരു ഭാഗം ആറുമാസം ഫ്രീസറിൽ. ഒന്നിനു പിറകെ ഒന്നായി തലച്ചോറിൽ 4 ശസ്ത്രക്രിയകൾ....തകർന്നടിഞ്ഞുപോയ ഈ അവസ്ഥയിൽ കിടക്കപ്പായിൽ കിടന്നു പഠിച്ച് സർക്കാർ ജോലി നേടി പ്രചോദനമായി മാറിയ അജിത് രാജ് ഓർമയായി. പഴയ അപകടത്തെത്തുടർന്നുണ്ടായ രോഗാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് ഇന്നലെ പുലർച്ചെയാണു മരണം.
തൃശൂർ ഗവ. പ്ലീഡർ ഓഫിസിലെ ലീഗൽ അസിസ്റ്റന്റ് ആയിരുന്നു അജിത് രാജ്.വക്കീൽ ആയിരിക്കെ ചെറിയൊരു വീഴ്ചയിലാണ് തലയ്ക്കു പരുക്കേറ്റ് അബോധാവസ്ഥയിലായത്. തലയോട്ടിക്കുള്ളിൽ നിർക്കെട്ട് ഉണ്ടായതിനെത്തുടർന്ന് വെന്റിലേറ്ററിലായി. തലയോടിന്റെ ഒരു ഭാഗം മുറിച്ച് ഫ്രീസറിൽ വയ്ക്കുകയും തലച്ചോറിൽ നിന്നു നീർക്കെട്ട് നീങ്ങാനായുള്ള തീവ്ര ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ആറുമാസത്തിനുശേഷമാണ് ഇതു തിരികെചേർത്തത്.
കിടക്കപ്പായിൽ കിടന്നാണ് അജിത് പിഎസ്‌സി പരീക്ഷയ്ക്കു പഠിച്ചു തുടങ്ങിയത്. പിന്നീടെപ്പോഴോ വീൽചെയറിലേക്കു പ്രമോഷൻ. വീൽചെയറിനു ചുറ്റും ചെറിയ മേശകളിൽ പുസ്തകങ്ങൾ നിരത്തിവച്ചു പഠനം. അപകടം മൂലമുള്ള ഓർമക്കുറവിനേയും വീണ്ടും നടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ വീഴ്ചകളേയും അതിജീവിച്ചായിരുന്നു ഈ പഠനമത്രയും. ആദ്യ പരീക്ഷകൾ എഴുതി പൂർത്തിയാക്കാനാവാതെ ഇറങ്ങേണ്ടി വന്നു. വീൽചെയറിൽ നിന്നു സ്വയം നടക്കാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും വീണു കാലൊടിഞ്ഞു.
ഒരു തവണ ആയുർവേദ ചികിത്സയ്ക്കിടെ പൊള്ളലേറ്റു. ഈ ഓട്ടത്തിനിടെ അച്ഛൻ വിജയരാജനും രോഗബാധിതനായി മരിച്ചു. എല്ലാം അതിജീവിച്ചാണ് ലീഗൽ അസിസ്റ്റന്റ് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടിയതും ജോലി ലഭിച്ചതും. തൃശൂർ കലക്ടറേറ്റിലെ ഗവ. പ്ലീഡർ ഓഫിസിലും പിന്നീടു പുതിയ കോടതിക്കെട്ടിടത്തിലും ജോലി ചെയ്തു.ആറുമാസം മുൻപ് വീണ്ടും ആരോഗ്യപ്രശ്നം രൂക്ഷമായി. ഒന്നര മാസത്തോളമായി പൂർണമായി കിടപ്പിലായിരുന്നു