ഒരേ ദിവസം വക്കീൽ കോട്ടണിഞ്ഞ് അമ്മയും മകളും

തിരുവനന്തപുരം: ഒരേകോളേജിൽ ഒന്നിച്ചുപഠിച്ച അമ്മയും മകളും കോടതിയിലേക്കും ഒന്നിച്ച്. 20 വർഷം വീട്ടമ്മയായിരുന്ന മറിയം മാത്യു, മകൾ സാറാ എലിസബത്ത് മാത്യുവിനോടൊപ്പം വഞ്ചിയൂർ കോടതിയിൽ വക്കീൽ കുപ്പായമണിഞ്ഞ് എത്തുകയാണ്. ഒരു സാധാരണ വീട്ടമ്മയുടെ എല്ലാ തടസ്സങ്ങളെയും ഇച്ഛാശക്തികൊണ്ട് മറികടന്നാണ് മറിയം എൽ.എൽ.ബി. പഠനം പൂർത്തിയാക്കുന്നത്.
മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽനിന്നു ബിരുദപഠനം പൂർത്തിയാക്കിയ മറിയം, വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. പത്തനംതിട്ട കൈപ്പട്ടൂർ പള്ളിക്ക വീട്ടിൽ പ്രവാസിയായ അഡ്വ. മാത്യു പി. തോമസാണ് കായംകുളം സ്വദേശിയായ മറിയത്തിന്റെ ഭർത്താവ്. മക്കളുടെ പഠനാർഥം 10 വർഷത്തോളമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസം
മകൾ സാറ 2016-ൽ പഞ്ചവത്സര എൽ.എൽ.ബി.ക്ക് തിരുവനന്തപുരം ഗവ. ലോ കോളേജിൽ ചേർന്നപ്പോൾ മറിയയ്ക്കും നിയമപഠനത്തിനോട് താത്പര്യം തോന്നി.
ഇളയമകൻ തോമസ് പി. മാത്യു ബെംഗളൂരുവിൽ ബിരുദപഠനത്തിനു ചേർന്നതോടെ മറിയ തന്റെ തുടർപഠനമെന്ന സ്വപ്നം ഗൗരവമായെടുത്തു. എൽ.എൽ.ബി. പ്രവേശനപ്പരീക്ഷയെഴുതി. 2018-ൽ മകൾ മൂന്നാംവർഷത്തിൽ എത്തിയപ്പോൾത്തന്നെ മറിയയ്ക്കും ത്രിവത്സര എൽ.എൽ.ബി.ക്ക് റഗുലർ ബാച്ചിൽ പ്രവേശനം ലഭിച്ചു.
പിന്നീടുള്ള മൂന്നുവർഷവും അമ്മയും മകളും ഒരുമിച്ചാണ് കോളേജിലെത്തിയതും പഠിച്ചതും പരീക്ഷയെഴുതിയതും. മകളുടെ പിന്തുണയും പഠനത്തിനു ലഭിച്ചതായി മറിയ പറയുന്നു. അമ്മയുടെ ആഗ്രഹം സഫലമായതിൽ സന്തോഷമുണ്ടെന്നാണ് സാറയുടെ അഭിപ്രായം.
പരീക്ഷാഫലം വന്നപ്പോൾ ഇരുവർക്കും ഫസ്റ്റ് ക്ലാസ്. നവംബർ 21-ന് ഇരുവരും ഒരുമിച്ച് അഭിഭാഷകരായി എന്റോൾ ചെയ്തു.