പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തവരെ മർദ്ദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂരിൽ പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തവരെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. പയ്യന്നൂർ കണ്ടങ്കാളി ബ്രാഞ്ച് സെക്രട്ടറി പി പി പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. ലിജേഷിനെ മർദ്ദിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് പൊലീസ് നടപടി.
പയ്യന്നൂരിൽ പാലം നിർമ്മാണത്തിലെ തട്ടിപ്പ് വിവരാവകാശ രേഖ വഴി പുറത്തുവിട്ട യുവാക്കൾക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദനം നേരിടേണ്ടി വന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ലിജേഷ്, സുരേഷ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പി പി പവിത്രനും വാർഡ് മെമ്പറുടെ മകനും ചേർന്നാണ് ഇരുവരെയും ആക്രമിച്ചത്. പയ്യന്നൂർ നഗരസഭ 22ാം വാർഡായ കണ്ടങ്കാളി വട്ടക്കുളത്താണ് സംഭവം. അക്കരെയുള്ള എട്ട് കുടുംബങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് ചെറിയ പാലമാണ്. രണ്ടര മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പാലം പൊളിച്ച് എല്ലാ വാഹനങ്ങൾക്കും കടന്നുപോകുന്ന തരത്തിൽ അഞ്ചര മീറ്ററാക്കാക്കി നിർമ്മിക്കാൻ 2019 ൽ നഗരസഭയുടെ അനുമതിയായി. ഏഴ് ലക്ഷം ഫണ്ടും വകയിരുത്തി.
കൊവിഡ് കാരണം മുടങ്ങിപ്പോയ നിർമ്മാണം കഴിഞ്ഞ മാസം തുടങ്ങി. അപ്പോഴാണ് സ്ഥലത്തെ താമസക്കാരനായ ലിജേഷിന് തട്ടിപ്പ് മനസിലായത്. അഞ്ചരമീറ്റർ വീതിയിൽ പണിയാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം പാലം നാല് മീറ്ററിൽ പണിയുന്നത് ചോദ്യം ചെയ്തത് നേതാക്കളെ പ്രകോപിപ്പിച്ചു. വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പിപി പവിത്രനും വാർഡ് മെമ്പർ കെ ബാലന്റെ മകൻ ഷൈബുവും ഇവരുടെ സുഹൃത്തുക്കളും ചേർന്ന് നടുറോട്ടിലിട്ട് പൊതിരെ തല്ലിയെന്ന് സുരേഷ് പറയുന്നു. പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് മെമ്പറുടെയും നിലപാട്.