ഹൃദയം തകരുന്നു ; പീഡിപ്പിച്ചു കൊല്ലുമെന്നാണ് ഭീകരരുടെ ഭീഷണി ; നിസ്സഹായതയോടെ അഫ്ഗാന്‍ വനിത ഫുട്ബോള്‍ ടീം
afghan

നിര്‍ത്താതെയുള്ള ഫോണ്‍ വിളികളും, വോയ്‌സ് മെസേജുകളുമാണ് ഖാലിദ പോപലിന്റെ ഫോണിലേക്ക് വരുന്നത്. എല്ലാം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ മാത്രം. സന്ദേശങ്ങള്‍ കൈമാറുന്നവരോട് വീട് വിട്ടു പോകാനോ, ബന്ധുക്കളുടെയോ അയല്‍ക്കാരുടെയോ വീടുകളിലേക്ക് മാറാനോ ആണ് പോപല്‍ നിര്‍ദ്ദേശിക്കുന്നത്. കാരണം എല്ലാവരേയും പോലെ അവരും ഇന്ന് നിസഹായയായി നില്‍ക്കുകയാണ്. അഫ്ഗാനിലെ സ്ത്രീശാക്തീകരണ പ്രവര്‍ത്തക കൂടിയായ ഖാലിദ പോപല്‍ അഫ്ഗാനിസ്താന്‍ വനിത ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ്. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് നാട് വിട്ട പോപല്‍ ഡെന്‍മാര്‍ക്കിലാണ് ഇപ്പോള്‍ ഉള്ളത്.
അഫ്ഗാന്റെ വനിത ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളെ ചരിത്രത്തില്‍ നിന്ന് തുടച്ച് നീക്കാനാണ് താലിബാന്റെ ശ്രമമെന്ന് പോപല്‍ ആരോപിച്ചു. ഹൃദയത്തെ തകര്‍ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. വനിതകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് ഈ വര്‍ഷമത്രയും പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത്. പുറത്തിറങ്ങി ഇഷ്ടമുള്ളതെല്ലാം ചെയ്യണമെന്ന് ഞാന്‍ സ്ത്രീകളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെയെങ്കിലും ഒളിച്ചിരിക്കണമെന്നോ, ഭീകരര്‍ കാണാതെ വീടുകളില്‍ കഴിയണമെന്നോ ആണ് ഞാന്‍ അവരോട് പറയുന്നത്. ഒരു ടെലിഫോണ്‍ ഇന്റര്‍വ്യൂവിലാണ് പോപല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
വനിത താരങ്ങള്‍ക്ക് നേരെ താലിബാന്‍ അസഭ്യവര്‍ഷം നടത്തുകയും അവരെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്യുന്നു. വനിത ഫുട്‌ബോള്‍ താരങ്ങളെ പീഡിപ്പിച്ച് കൊല്ലുമെന്നാണ് ഭീഷണി. അവര്‍ നിര്‍ത്താതെ കരയുകയാണ്. അവരുടെ ജീവിതമാകെ തകിടം മറിഞ്ഞു. അവര്‍ക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്. എവിടേക്കെങ്കിലും ഓടിയൊളിക്കാന്‍ പറയാന്‍ മാത്രമാണ് എനിക്ക് സാധിക്കുന്നത്. അത് തന്നെയാണ് അവര്‍ ചെയ്യുന്നതും. പലരും വീടുകള്‍ ഉപേക്ഷിച്ചു. കളിക്കാരാണെന്ന് താലിബാന് അറിയാവുന്നത് കൊണ്ടു തന്നെ പലരും ഭീതിയിലാണ് കഴിയുന്നത്. എല്ലായിടത്തും താലിബാനാണ്. അവര്‍ എല്ലായിടത്തും എല്ലാവരിലും ഭീതി സൃഷ്ടിക്കുകയാണെന്നും' പോപല്‍ പറഞ്ഞു.
1996ല്‍ താലിബാന്‍ അധികാരത്തിലേറിയപ്പോള്‍ കുടുംബത്തോടൊപ്പം പോപലും നാടിനെ ഉപേക്ഷിച്ച് പലായനം ചെയ്തു. പാകിസ്താനിലെ അഭയാര്‍ത്ഥി ക്യാമ്ബില്‍ കഴിഞ്ഞിരുന്ന പോപല്‍ 20 വര്‍ഷം മുന്‍പാണ് വീണ്ടും അഫ്ഗാനിലെത്തുന്നത്. 'രാജ്യത്തെ വികസനത്തിലേക്ക് നയിക്കാന്‍ പുതിയ തലമുറയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. അങ്ങനെയാണ് സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തില്‍ ചെറുപ്പക്കാരായ യുവതികളെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ കളിക്കാനിറങ്ങുന്നത്. രാജ്യത്തിന്റെ ജഴ്‌സി ധരിച്ച് കളിക്കാനിറങ്ങുമ്ബോള്‍ ഏറെ അഭിമാനം തോന്നിയിരുന്നു. ഏറ്റവും മനോഹരമായ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അതെന്നും' പോപല്‍ കൂട്ടിച്ചേര്‍ത്തു.
2007ല്‍ അഫ്ഗാനിസ്താന്റെ ആദ്യദേശീയ ടീമില്‍ പോപലും ഉണ്ടായിരുന്നു. 2011ല്‍ കളിക്കളത്തില്‍ നിന്ന് പിന്മാറിയ പോപല്‍ അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഒരിക്കല്‍ താലിബാനെ രാജ്യത്തിന്റെ ശത്രുക്കളെന്ന് പോപല്‍ വിശേഷിപ്പിച്ചു. ഇത് ദേശീയ ചാനലില്‍ സംപ്രേഷണം ചെയ്‌തോടെ താലിബാന്‍ പോപലിന് നേരെ വധഭീഷണി മുഴക്കി. ഭീഷണി സന്ദേശങ്ങള്‍ ശക്തമായതോടെ 2016ലേക്ക് പോപല്‍ ഡെന്‍മാര്‍ക്കിലേക്ക് പലായനം ചെയ്യുകയായിരുന്നു.