പ്രാദേശിക സഖ്യങ്ങൾ അപ്രായോഗികം; പാര്‍ട്ടി ശക്തിപ്പെട്ടാലേ സഖ്യങ്ങൾക്കൊണ്ട് കാര്യമൊള്ളൂവെന്ന് അധിർ രഞ്ജൻ ചൗധരി

ദില്ലി: പ്രാദേശിക സഖ്യങ്ങൾ നിലവിലെ സാഹചര്യത്തിൽ അപ്രായോഗികമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനുമായ അധിർ രഞ്ജൻ ചൗധരി (Adhir Ranjan Chowdhury). കോൺഗ്രസ് (Congress) ശക്തിപ്പെട്ടാലേ പ്രാദേശിക സഖ്യങ്ങൾക്കൊണ്ട് പ്രയോജനമുള്ളൂ. വിലപേശൽ ശക്തി കോൺഗ്രസിനുണ്ടാകണം. വിവാദമുണ്ടാക്കാൻ മാത്രമാണ് ഗ്രൂപ്പ് 23 ൻ്റെ ശ്രമം. പാർട്ടിയെ ശാക്തീകരിക്കാനുള്ള ഒരു പദ്ധതിയും അവരുടെ പക്കലില്ലെന്നും അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗുലാബ് നബി ആസാദ് അടങ്ങുന്ന ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് ഗ്രൂപ്പ് 23 ന്റെ വിമര്‍ശനം. രണ്ടും കല്‍പിച്ചുള്ള ഗ്രൂപ്പ് 23ന്‍റെ നീക്കം പത്ത് ജന്‍പഥിനെ അക്ഷരാക്ഷര്‍ത്ഥത്തില്‍ സമ്മര്‍ദ്ദിലാക്കിയിട്ടുണ്ട്. കൂടുതല്‍ നേതാക്കളുമായി സംസാരിക്കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നദ്ധരാണ്. അധ്യക്ഷ സ്ഥാനത്ത് ഇല്ലാതിരുന്നിട്ടും പാര്‍ട്ടിയിലെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി നിയന്ത്രിക്കുന്നതിലെ എതിര്‍പ്പാണ് മനീഷ് തിവാരിയും പരസ്യമാക്കിയത്. സംഘടന ജനറല്‍ സെക്രട്ടറിയായി ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഹിന്ദിയും അറിയാവുന്ന പരിചയ സമ്പത്തുള്ളയാളെ കൊണ്ടുവരണമെന്ന് ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് വിമര്‍ശനം. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നു. സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തിന്‍റെ വികാരം സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ച ഗുലാം നബി ആസാദ് പ്രതിഷേധം സോണിയക്കെതിരെ അല്ലെന്നും വ്യക്തമാക്കിയിരുന്നു.പഴയ രീതിയില്‍ ഇനി മുന്‍പോട്ട് പോകാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ നിലപാട്. യുദ്ധം സോണിയ ഗാന്ധിക്കെതിരല്ലെന്ന് വ്യക്തമാക്കുമ്പോള്‍ ഉന്നം രാഹുല്‍ ഗാന്ധി തന്നെയാണ്. സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തന്നെയാണ് വിശ്വസ്തരുടെ നീക്കം. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതിയുടെ കഴിഞ്ഞ യോഗത്തിലും മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുലിന്‍റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ പൊതുവികാരം.