സിൽവർ ലൈൻ അതിരടയാള കല്ലിടൽ ഇന്നും തുടരും; കടുത്ത പ്രതിഷേധമുയരും, സമരക്കാർ കോടതിയിലേക്കും

സിൽവർ ലൈൻ അതിരടയാള കല്ലിടൽ ഇന്നും തുടരും; കടുത്ത പ്രതിഷേധമുയരും, സമരക്കാർ കോടതിയിലേക്കും

തിരുവനന്തപുരം: കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) കല്ലിടൽ ഇന്നും തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധവും ശക്തമാകും. ചോറ്റാനിക്കര മേഖലയിൽ സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തും. മേഖലയിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും ഇവിടെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്കിടെ കോഴിക്കോട് ഇന്നും കെ റെയിൽ സർവെ നടപടികളും അതിരടയാള കല്ല് സ്ഥാപിക്കലും നടക്കും. ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറെ കല്ലായി ഭാഗത്തുനിന്ന് ആവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തി വച്ചിരുന്നു.  കെ റെയിൽ  ഉദ്യോഗസ്ഥർക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ. മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ല് ഇട്ട തിനെതിരെ കോടതിയെ സമീപിക്കാനാണ് ആണ് സമരക്കാരുടെ തീരുമാനം. അതിനിടെ മന്ത്രി സജി ചെറിയാന്‍റെ (Saji Cheriyan) പരാമർശങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് ബിജെപി ഇന്ന് മാര്‍ച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഇന്നലെയും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് കെ റെയിൽ കല്ലിടലിനെതിരെ ഉയർന്നത്. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തുണ്ടായി.

കോട്ടയത്ത് കെ റെയിൽ കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളിൽ കയറി നിന്ന് കോൺഗ്രസ് പ്രവർത്തകരും സമരക്കാരും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു സമരം. ശക്തമായ പൊലീസ് സന്നാഹമാണ്  സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിൻവാങ്ങും വരെ സമരമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. പൊലീസ് സംയമനം പാലിച്ചതോടെ വലിയ തോതിൽ പ്രശ്നങ്ങളുണ്ടായില്ല.

കോഴിക്കോട് കല്ലായിയിലാകട്ടെ സർവേ പൂ‍ർണമായും തടഞ്ഞുള്ള പ്രതിഷേധമാണ് ഉണ്ടായത്. ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. മന്ത്രി സജി ചെറിയാനെതിരെ ഡിസിസി അധ്യക്ഷൻ പൊട്ടിത്തെറിച്ചു. വങ്കത്തരമാണ് സജി ചെറിയാൻ പറയുന്നതെന്നും പിണറായി വിജയനും സിപിഎമ്മുമാണ് തീവ്രവാദികളെന്നും അദ്ദേഹം ആരോപിച്ചു. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ഇവിടെ റവന്യൂ ഭൂമിയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകൾ പറിച്ചു കളഞ്ഞു. കല്ല് പിഴുത് സമരക്കാർ കല്ലായി പുഴയിൽ ഇട്ടു. കോൺഗ്രസ് - ബിജെപി പ്രവർത്തകർ ചേർന്നാണ് കല്ല് പറിച്ചത്.

കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എറണാകുളത്ത് ചോറ്റാനിക്കരയിൽ പ്രതിഷേധത്തിൽ അനൂപ് ജേക്കബ് എംഎൽഎയും ചേർന്നു. കോൺഗ്രസ് പ്രവർത്തകർ കല്ല് പിഴുതെറിഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു കല്ല് പിഴുതെറിഞ്ഞത്. ഇവിടെ നെൽപ്പാടത്ത് സ്ഥാപിച്ച കല്ലുകൾ നീക്കി. കല്ല് കൊണ്ടുവന്ന വാഹനം സമരക്കാർ നീക്കുകയും ചെയ്തു.

കണ്ണൂർ കളക്ട്രേറ്റിൽ കെ റെയിൽ കല്ലിടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്ട്രേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റി സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉൾപെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരിമ്പായിക്കാട് കുഴിയാലപ്പടിയിൽ കെ റെയിൽ കല്ല് കൊണ്ടുവന്ന വാഹനത്തെ സമരപ്പന്തലാക്കി പ്രവർത്തകർ സമരം ചെയ്തു. വാഹനം മാറ്റാൻ അനുവദിക്കില്ലെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.

ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കെ റെയിൽ വിരുദ്ധ കൺവൻഷനിൽ സംസാരിച്ച മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സർക്കാരിന്റെ കീശ വികസിക്കുന്നതാണ് വികസനം എന്ന് കരുതുന്ന മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഹൃദയം ഇടുങ്ങിയതാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശനങ്ങൾ മനസ് തുറന്നു കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തെ രണ്ടായി വെട്ടി മുറിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. സിപിഎം നേതാക്കളോട് ഒപ്പമിരുന്ന് ആറന്മുളയിൽ നെൽവയൽ സംരക്ഷിക്കാൻ വിമാനത്താവളത്തിന് എതിരെ സമരം ചെയ്ത പാർട്ടിയാണ് ബിജെപി. അന്ന് ഉമ്മൻ ചാണ്ടി സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് പറഞ്ഞു. ഇന്ന് പിണറായി കോൺഗ്രസ്‌-ബിജെപി കൂട്ടുകെട്ട് ആരോപിക്കുന്നു. സിപിമ്മിന്റെ ശവക്കല്ലറക്കുള്ള കല്ലുകളാണ് കേരളത്തിൽ ഇപ്പോൾ ഇടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ കെ റയിലിനായി ഇട്ടിരിക്കുന്ന എല്ലാ കല്ലുകളും പുഴുതുകളയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. കെ റെയിൽ കല്ലുകൾ ക്ലിഫ് ഹൗസിൽ കൊണ്ടിടുമെന്നും ഈ സമരം ചെയ്യുന്ന വനിതാ പ്രവർത്തകരെ തടയാനോ ഉപദ്രവിക്കാനോ പൊലീസ് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.