വഴിവിട്ട നിയമനം തൃശ്ശൂര്‍ വെയര്‍ഹൗസിലും; 6 മാസം പോലും ലേബല്‍ ഒട്ടിക്കാത്ത 7 പേരെ സ്ഥിരപ്പെടുത്തി

തൃശ്ശൂര്‍: ഒന്നാം പിണറായി സര്‍ക്കാര്‍ ബെവ്കോയില്‍ 426 പുറംകരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തിയപ്പോള്‍ തൃശ്ശൂര്‍ വെയര്‍ ഹൗസില്‍ (Thrissur warehouse) നടന്നത് തിരുകിക്കയറ്റല്‍. ആറുമാസം പോലും ലേബല്‍ ഒട്ടിക്കാത്ത ഏഴുപേരെ വര്‍ഷങ്ങളോളം ലേബല്‍ ഒട്ടിച്ചവരുടെ കൂട്ടത്തില്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. ജോലി സ്ഥിരപ്പെടുമെന്നായപ്പോള്‍ അതുവരെ ലേബല്‍ ഒട്ടിച്ച പ്രായമായവര്‍ മക്കളെയും മരുമക്കളെയും ഭര്‍ത്തൃസഹോദരിമാരെയെല്ലാം സ്വന്തം പേരുകള്‍ വെട്ടിമാറ്റി പകരം ചേര്‍ക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു. കുപ്പിയിലാക്കിയ നിയമനങ്ങള്‍..
30 ലേബലിംഗ് തൊഴിലാളികളെയാണ് 2018 ജൂണില്‍ തൃശ്ശൂരിലെ ബെവ്കോ വെയര്‍ ഹൗസില്‍ ലേബലിംഗ് തൊഴിലാളികളായി സ്ഥിരപ്പെടുത്തിയത്. വെറും ആറുമാസം പോലും ലേബല്‍ ഒട്ടിക്കാത്ത ഏഴുപേരാണ് ബെവ്കോയില്‍ സ്ഥിരനിമയനം നേടി ഇപ്പോള്‍ ലാസ്റ്റ് ഗ്രേഡ് പോസ്റ്റിന് സമാനമായ ജോലി ചെയ്യുന്നത്. ധനലക്ഷ്മി രാമചന്ദ്രന്‍ ലേബല്‍ ഒട്ടിക്കാന്‍ വന്നത് 05.12.17 ന്. അതായത് സ്ഥിരനിയമനം കിട്ടുന്നതിന്‍റെ ആറുമാസം മുമ്പ്. എങ്ങനെ കയറിക്കൂടി എന്ന് നോക്കാം. ധനലക്ഷ്മിയുടെ അമ്മായിയമ്മ തങ്കമണിയാണ് 05.12. 2017 വരെ ലേബല്‍ ഒട്ടിച്ചത്. ധനലക്ഷ്മി ജോലിക്ക് വന്ന ദിവസത്തെ രജിസ്റ്റര്‍ നോക്കുക. തങ്കമണിയുടെ പേര് രജിസ്റ്ററില്‍ വെട്ടി ധനലക്ഷ്മിയുടെ പേര് ചേര്‍ത്തു. അമ്മായിയമ്മയ്ക്ക് പകരം മരുമകള്‍ക്ക് ജോലി. ഇനി സജിതയുടേതാണ് നോക്കാം. സജിത ലേബല്‍ ഒട്ടിച്ച് തുടങ്ങിയത് 05.12.2017 ല്‍. ആ ദിവസത്തെ രജിസ്റ്റര്‍ നോക്കൂ. അതുവരെ ലേബല്‍ ഒട്ടിച്ച ശാരദ തന്‍റെ ഭര്‍ത്തൃസഹോദരിക്ക് വേണ്ടി മാറിക്കൊടുത്തു. ശാരദയുടെ പേര് വെട്ടി സജിതയായി. സജിതയ്ക്ക് നിയമനം. അങ്ങനെ 05.12.2017 ലെ രജിസ്റ്ററില്‍ നിന്ന് ബാക്കി കയറിക്കൂടിയവര്‍ ജോയിന്‍ ചെയ്ത 18.12.2017 ല്‍ എത്തുമ്പോഴേക്കുള്ള പട്ടിക കാണുക. ആ പട്ടികയില്‍ തങ്കമണിക്ക് പകരം ധനലക്ഷ്മി. ശാരദയ്ക്ക് പകരം സജിത. നൂര്‍ജഹാന് പകരം മകള്‍ ഷബ്നം. ഇങ്ങനെ പോകുന്നു ആ പട്ടിക.
വെയര്‍ഹൗസിലെ ഉന്നതരും ബെവ്കോ ആസ്ഥാനത്തെ പ്രധാന തസ്തികയിലുള്ളവരും അറിയാതെ എങ്ങനെ ഇതൊക്കെ നടക്കുന്നു? വയനാട്ടിലും കാസര്‍കോടും തൃശ്ശൂരും മാത്രമല്ല, സംസ്ഥാനത്ത് 426 പേരെ അനധികൃതമായി സ്ഥിരപ്പെടുത്തിയ മിക്ക ബെവ്കോ വെയര്‍ ഹൗസിലും യൂണിയനുകളുടെ പങ്കിട്ടെടുക്കലും തിരുകിക്കയറ്റലും ആയിരുന്നു ഓരോ നിയമനവും.