'വീട് വില്‍ക്കാന്‍ സമ്മാനക്കൂപ്പണ്‍ വേണ്ട'; വട്ടിയൂര്‍ക്കാവിലെ ദമ്പതികള്‍ക്കെതിരെ ലോട്ടറി വകുപ്പ്

തിരുവനന്തപുരം: വീട് വിറ്റ് കടംവീട്ടാൻ സമ്മാനക്കൂപ്പണുമായിറങ്ങിയ തിരുവനന്തപുരം വട്ടിയൂർക്കാവിലെ ദമ്പതികൾക്ക് തിരിച്ചടി.കൂപ്പണ്‍ വിൽപ്പന നിയമ വിരുദ്ധമാണെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് വ്യക്തമാക്കി, നടപടിയും തുടങ്ങിയിട്ടുണ്ട്. ഇന്ന് എസ്പിക്ക് പരാതി നല്‍കുമെന്ന് ജോയിന്റ് ഡയറക്ടർ വ്യക്തമാക്കി. വ്യക്തികൾക്ക് പൈസ വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ല. പൊലീസ് എത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.
ലോട്ടറി വകുപ്പ് നടപടി തുടങ്ങിയ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവിലെ അയോജ് - അന്ന ദമ്പതികള്‍ കൂപ്പണ്‍ വിൽപ്പന തത്കാലത്തേക്ക് നിർത്തിവച്ചു. മൂന്ന് കിടപ്പ് മുറികളുള്ള വീട് വിൽക്കാൻ 2000 രൂപയുടെ കൂപ്പണാണ് ഇവർ പുറത്തിറക്കിയത്. ബാധ്യത ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കൂപ്പൺ എടുക്കുന്നവരിൽ ഭാഗ്യശാലിക്ക് ഒക്ടോബർ 17ലെ നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. വട്ടിയൂർക്കാവ് മൂന്നാംമൂട് പുലരി നഗരിയിലാണ് വിവാദ വീട്.
വിദേശത്തെ ജോലി വിട്ട് നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് ബാധ്യതകൾ തീർക്കാൻ ഇവര്‍ കൂപ്പണിറക്കിയത്. ബാങ്ക് ലോണും കടവും വാങ്ങി മൂന്ന് വർഷം മുൻപാണ് വീട് വാങ്ങിയത്. 45 ലക്ഷം രൂപയ്ക്കായിരുന്നു വീട് വാങ്ങിയത്. ബിസിനസ് തുടങ്ങി നാട്ടിൽ കഴിയുകയായിരുന്നു ലക്ഷ്യം. കൊവിഡ് എത്തിയതോടെ ഇവരുടെ പദ്ധതികൾ എല്ലാം തകിടം മറിഞ്ഞു.ഇവർക്ക് 32 ലക്ഷം രൂപയുടെ ബാധ്യത തീർക്കാനുണ്ട്. വീട് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ 55 ലക്ഷം രൂപയ്ക്ക് അപ്പുറം നൽകാൻ ആരും തയ്യാറല്ല.
ഇതോടെയാണ് 2000 രൂപയുടെ 3700 കൂപ്പൺ ഇറക്കാമെന്ന ആശയമുണ്ടായത്. 3500 എണ്ണം വിറ്റ് 70 ലക്ഷം രൂപയെങ്കിലും കിട്ടിയാൽ നറുക്കെടുപ്പ് എന്നതായിരുന്നു ഇവരുടെ ആശയം. 18 ലക്ഷം രൂപ സമ്മാന നികുതി നൽകണം. ബാധ്യത വീട്ടി കിട്ടുന്ന 20 ലക്ഷം രൂപ കൊണ്ട് സ്വസ്ഥമായി ജീവിക്കാനാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായ അജോയുടെയും ഭാര്യയുടേയും ആഗ്രഹം. ഇതിനോടകം 100 കൂപ്പൺ വിറ്റുപോയി. 8089748577 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് ഉത്തമ വിശ്വാസമായാൽ മാത്രം കൂപ്പൺ എടുക്കമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു.
കൂപ്പൺ കൊറിയറായും നൽകും. പരമാവധി ടിക്കറ്റുകൾ വിൽക്കാനായിരുന്നു ശ്രമം. നറുക്കെടുപ്പ് നടക്കാതെ പോയാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ലോട്ടറി വകുപ്പ് നടപടി തുടങ്ങിയ സാഹചര്യത്തില്‍, വീട് വില്‍ക്കാനുള്ള ശമ്രത്തിന് തിരിച്ചടിയായിരിക്കയാണ്.