കേരളത്തിന്‍റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ വരെ അംഗീകരിച്ചിട്ടുണ്ട്; യോഗിക്ക് സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

കേരളത്തിന്‍റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ വരെ അംഗീകരിച്ചിട്ടുണ്ട്; യോഗിക്ക് സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് (Yogi Adityanath) നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). കേരളത്തിന്‍റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ തന്നെ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പരാമർശത്തിന് ആ രീതിയിൽ മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ശ്രദ്ധിച്ച് വോട്ടു ചെയ്തില്ലെങ്കിൽ കേരളത്തെപ്പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന.

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇന്നലെയായിരുന്നു യോഗിയുടെ പ്രതികരണം. യുപിയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി, കേരളവും ബംഗാളും പോലയാകുമെന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. യോഗിയുടെ പരാമർശത്തിന് കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ അതിവേഗമെത്തി. യുപി കേരളമായാൽ  ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹ്യ സുരക്ഷയും ജീവിതനിലവാരവും ആസ്വദിക്കാനാവുമെന്ന് നീതി ആയോഗിന്റെയടക്കം ഉയർന്ന റേറ്റിങ് സൂചിപ്പിച്ച് മുഖ്യമന്ത്രി മറുപടി നല്‍കി.  ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ കൊല്ലപ്പെടാത്ത സമൂഹമാണ് വേണ്ടതെന്നും അതാണ് യുപിയിലെ ജനങ്ങളാഗ്രഹിക്കുന്നതെന്നും  ആദ്യം ഇംഗ്ലീഷിലും പിന്നെ ഹിന്ദിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.