കടം വീട്ടാനായി 74കാരിയുടെ ലോട്ടറി വില്‍പന; പണയത്തിലിരിക്കുന്ന ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി

കടം വീട്ടാനായി 74കാരിയുടെ ലോട്ടറി വില്‍പന; പണയത്തിലിരിക്കുന്ന ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി

കൊച്ചി: കടം വീട്ടാനും കുടുംബം പുലര്‍ത്താനും ലോട്ടറി വില്‍ക്കുന്ന 74കാരിയായ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി എം പി (Suresh Gopi). വ്‌ലോഗര്‍ സുശാന്ത് നിലമ്പൂരിന്റെ വീഡിയോ കണ്ടാണ് സുരേഷ് ഗോപി പ്രശ്‌നത്തില്‍ ഇടപെട്ടത്. ബാങ്കില്‍ നിന്ന് ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയെന്ന് സുശാന്ത് നിലമ്പൂര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിഡിയോ വൈറലായത്. എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ സുശാന്ത് പോസ്റ്റ് ചെയ്തത്.

വിധവയായ മരുമകളും മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്താനാണ് ലോട്ടറി വില്‍ക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. മൂത്തമകനും ഹൃദ്രോഗിയാണ്. ഇളയമകനും ഹൃദ്രോഗത്താലാണ് മരിച്ചത്. കുഞ്ഞിത്തൈ സ്വദേശി. ചിലര്‍ തന്നെ പറ്റിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാള്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് 1000 രൂപ തട്ടിച്ചു. മറ്റൊരാള്‍ 300 രൂപയുടെ നാല് ടിക്കറ്റ് പറ്റിച്ച് പണം തരാതെ കൊണ്ടുപോയി. അത് വേദനയാണെന്നും അവര്‍ പറഞ്ഞു.

നാല് സെന്റും വീടുമുണ്ട്. പ്രളയം കഴിഞ്ഞപ്പോള്‍ നാല് ലക്ഷം രൂപ കിട്ടി. അതും ഇല്ല സ്വര്‍ണവും വിറ്റ് വീടുപണിഞ്ഞു. അതില്‍ കിടക്കും മുമ്പേ മകന്‍ മരിച്ചു. ആ സങ്കടം വലിയതാണ്. വീടുപണി കഴിഞ്ഞ് വലിയ കടമുണ്ടായി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65,000 രൂപവേണമെന്നായിരുന്നു പുഷ്പയുടെ ആഗ്രഹം. തുടര്‍ന്ന് സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ഥിച്ചു. വീഡിയോ കണ്ട സുരേഷ് ഗോപി എംപി കടം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.