കണ്ണൂർ സർവകാശാലാ നിയമനം ഗവർണർക്ക് എതിരെ സിപിഎം നേതാക്കൾ

കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമന പ്രശ്നത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ടത് ഗവര്‍ണറും സര്‍ക്കാരുമാണ്. ഗവര്‍ണ്ണറുടെ സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതിരിക്കാനാകില്ല. രാഷ്ട്രീയ കക്ഷിയുടെ ഇടപെടല്‍ ഭരണകക്ഷിയുടെ ഭാഗത്തു നിന്ന് മാത്രമല്ല, ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. അത് ഏത് അവസരത്തില്‍ എന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു.

ചാന്‍സിലര്‍ പദവിയില്‍ ഗവര്‍ണര്‍ തന്നെ വേണമെന്ന് നിയമമില്ലെന്ന് സച്ചിന്‍ദേവ് എംഎല്‍എ. ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയമുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിന്‍ദേവ് ഫേസ്ബുക്കില്‍ കുറിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ വി പി സാനു രംഗത്ത്. ചാന്‍സലര്‍ പദവി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ട സാനു അയ്യോ അച്ഛാ പോകല്ലെയെന്ന് ഗവര്‍ണറോട് പറയേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നെങ്കില്‍ ഒഴിയട്ടെയെന്നും അത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകുമെന്നും എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നതിന് തെളിവ് പുറത്ത്. മന്ത്രി അയച്ച കത്ത് പുറത്തു വന്നു. ഇതു സംബന്ധിച്ച് ഗവര്‍ണ്ണര്‍ക്കാണ് പ്രൊഫ. ബിന്ദു കത്ത് നല്‍കിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.