ഉദ്ഘാടനത്തിനു മുൻപേ 3.5 കോടി നികുതിയടച്ച് ലുലു; ഖജനാവു നിറയ്ക്കുന്ന രണ്ടാമത്തെ വലിയ സ്ഥാപനം

തിരുവനന്തപുരം ∙ ടെക്നോപാർക്കു കഴിഞ്ഞാൽ കോർപറേഷൻ ഖജനാവു നിറയ്ക്കുന്ന നഗരത്തിലെ രണ്ടാമത്തെ വലിയ സ്ഥാപനമായി ആക്കുളത്തെ ലുലു മാൾ. ലൈബ്രറി സെസും സേവന നികുതിയും ഉൾപ്പെടെ 3,51,51,300 രൂപ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപേ ലുലു അധികൃതർ കോർപറേഷനിൽ ഒടുക്കി. കെട്ടിട നിർമാണം പൂർത്തിയായെന്ന് എൻജിനീയറിങ് വിഭാഗം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മാർച്ച് 19 നാണ്. അസസ്മെന്റ് പൂർത്തിയായ ദിവസം മുതൽ നികുതി നിർണയിക്കണമെന്നുള്ളതിനാലാണ് ഈ സാമ്പത്തിക വർഷത്തെ കെട്ടിട നികുതി മുഴുവനായി അടയ്ക്കേണ്ടി വന്നത്.
സിനിമ തിയറ്റർ, വൻകിട ഹോട്ടലുകൾ, കുട്ടികൾക്കള്ള കളിസ്ഥലം, ഓഫിസുകൾ തുടങ്ങിയ സ്ഥാപനങ്ങളാണ് ലുലു മാളിൽ ആരംഭിക്കാനിരിക്കുന്നത്. ചതുരശ്ര മീറ്ററിന് 60 രൂപ നിരക്കിൽ 11,096.30 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 12 സ്ക്രീനുകൾക്കാണ് നികുതി നിർണയം നടത്തിയിരിക്കുന്നത്. ചതുരശ്ര മീറ്ററിന് 80 രൂപ നിരക്കിൽ 2,320.04 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഓഫിസ് സ്ഥലത്തിനും പാർക്കിങ് ഏരിയ ഉൾപ്പെടെ ചതുരശ്ര മീറ്ററിന് 150 രൂപ നിരക്കിൽ 1.99 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്തിനും നികുതി നിർണയിച്ചു.
4000 വാഹനങ്ങൾക്കു പാർക്കിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. 293 ടിസി നമ്പരുകളാണ് അനുവദിച്ചിരിക്കുന്നത്. മാളിൽ ആരംഭിക്കാനിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കുള്ള ട്രേഡ് ലൈസൻസ്, തൊഴിൽ നികുതി എന്നിവ ഉൾപ്പെടെ ഇനിയും കോടികൾ ലുലുവിൽ നിന്നു കോർപറേഷനിലേക്ക് ഒഴുകുമെന്നാണു കണക്കുകൂട്ടൽ.
കടകംപള്ളി സോണൽ ഓഫിസിനു കീഴിലാണ് ലുലു മാൾ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ സൂപ്രണ്ട് ഉൾപ്പെടെ 3 ജീവനക്കാർ 3 ദിവസം രാപകൽ പണിയെടുത്താണ് നികുതി നിർണയം പൂർത്തിയാക്കിയത്. അടുത്ത മാസം 16 നാണ് ലുലു മാൾ ഉദ്ഘാടനം .17 കെട്ടിടങ്ങൾ ഉൾപ്പെടുന്ന ടെക്നോപാർക്ക് സമുച്ചയത്തിൽ നിന്നു 9 കോടിയോളം രൂപയാണ് പ്രതിവർഷം കെട്ടിട നികുതി ഇനത്തിൽ ലഭിക്കുന്നത്.
കെട്ടിട നികുതിയിനത്തിൽ കഴിഞ്ഞ 3 വർഷം ലഭിച്ച തുക ( രൂപയിൽ)
∙ 2018–2019: 71,96,35,240
∙ 2019–2020: 63,80,31,186
∙ 2020–2021: 76,73,56,646