'തലൈവര്‍ 169': രജനികാന്ത് ചിത്രത്തോട് 'നോ' പറഞ്ഞ് ഐശ്വര്യ റായ്

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണാണ്. തലൈവര്‍ 169 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നു. തലൈവര്‍ 169 ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാൻ ഐശ്വര്യ റായ്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത് (Thalaivar 169).
തലൈവര്‍ 169 പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായികയായി പറഞ്ഞുകേട്ടത് ഐശ്വര്യ റായ്‍യുടെ പേരായിരുന്നു. എന്നാല്‍ രജിനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ്‍ നായികയായേക്കില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തലൈവര്‍ 169ലെ അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം വാസ്‍തവമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു 'ബീസ്റ്റ്' പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. വിജയ് നായകനായ 'ബീസ്റ്റെ'ന്ന ചിത്രം നെറ്റ്ഫ്ലിക്സ്‍, സണ്‍ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്‍തതോടെ കൂടുതല്‍ പേരിലെത്തിയിരുന്നു.
കോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു വിജയ് നായകനായ ബീസ്റ്റ് (. 'മാസ്റ്ററി'ന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രം എന്നതിനൊപ്പം 'ഡോക്ടറി'നു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ഈ ചിത്രത്തെക്കുറിച്ചുള്ള പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. എന്നാല്‍ ആദ്യദിനം തന്നെ ശരാശരി മാത്രമെന്നും മോശമെന്നുമുള്ള അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രം എത്തിയതിന്‍റെ തൊട്ടുപിറ്റേന്ന് കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം 'കെജിഎഫ് 2' കൂടി എത്തിയതോടെ ബോക്സ് ഓഫീസിലും ബീസ്റ്റ് കടുത്ത പ്രതിസന്ധിയെ നേരിട്ടു. ചിത്രത്തെക്കുറിച്ച് വിമര്‍ശന സ്വരത്തില്‍ വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പറഞ്ഞ അഭിപ്രായവും ചര്‍ച്ചയായിരുന്നു
ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു. തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം 'ബീസ്റ്റി'നെ വിമര്‍ശിച്ചത്. 'അറബിക് കുത്ത്' പാട്ട് എത്തുന്നതു വരെ ചിത്രം താന്‍ ആസ്വദിച്ചെന്നും അതിനു ശേഷം കണ്ടിരിക്കാന്‍ പ്രേമിപ്പിക്കുന്നതായിരുന്നില്ല ചിത്രമെന്നും ചന്ദ്രശേഖര്‍ പറയുന്നു- "വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ഇത്. എഴുത്തിനും അവതരണത്തിനും നിലവാരമില്ല. നവാഗത സംവിധായകര്‍ക്ക് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഇത്. ഒന്നോ രണ്ടോ നല്ല ചിത്രങ്ങള്‍ കരിയറിന്‍റെ തുടക്കത്തില്‍ അവര്‍ ചെയ്യും. പക്ഷേ ഒരു സൂപ്പര്‍ താരത്തെ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ ഉദാസീനത കാട്ടും. നായകന്‍റെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്നാണ് അവര്‍ കരുതുക", ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
താരം എത്തി എന്നതുകൊണ്ട് സംവിധായകര്‍ തങ്ങളുടെ ശൈലിയെ മാറ്റേണ്ടതില്ലെന്നും എന്നാല്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങള്‍ സുഗമമായിത്തന്നെ ഉള്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബോക്സ് ഓഫീസില്‍ വിജയം നേടുമെങ്കിലും ചിത്രം ഒട്ടും തൃപ്‍തികരമല്ല. ഒരു സിനിമയുടെ മാജിക് അതിന്‍റെ തിരക്കഥയിലാണ്. 'ബീസ്റ്റി'ന് ഒരു നല്ല തിരക്കഥയില്ല', എസ് എ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.