യുപിയിൽ രണ്ടാംഘട്ട വോട്ടെടുപ്പ്, പരസ്യപ്രചാരണം ഇന്നവസാനിക്കും; ചങ്കിടിപ്പോടെ പാര്‍ട്ടികള്‍

യുപിയിൽ രണ്ടാംഘട്ട വോട്ടെടുപ്പ്, പരസ്യപ്രചാരണം ഇന്നവസാനിക്കും; ചങ്കിടിപ്പോടെ പാര്‍ട്ടികള്‍

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട തെര‍‍‌ഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും (UP Election 2022) ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. യുപിയിലെ കനൗജില്‍ നടക്കുന്ന പ്രചരണത്തില്‍ വൈകിട്ട് മൂന്നരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് ബറേലിയല്‍ റോഡ് ഷോ നടത്തും. 14 നാണ് മൂന്നിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഗോവയില്‍ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ടത്തില്‍ 9 ജില്ലകളിലെ 55 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കും.

ആദ്യഘട്ടം പിന്നിടുമ്പോള്‍ തന്നെ മത്സരം പൂര്‍ണമായും സമാജ്‍വാദി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ മാത്രമായി കഴിഞ്ഞു. ക‍ർഷകപ്രതിഷേധം നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ യുപിയിലെ മത്സരത്തിന് ശേഷം രണ്ടാംഘട്ടത്തിലേക്ക് എത്തുമ്പോള്‍ എസ്പിക്കും ബിജെപിക്കും ചങ്കിടിപ്പ് ഏറുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറെയുള്ള രണ്ടാഘട്ടത്തിലും യാദവ ശക്തികേന്ദ്രമായ മൂന്നാം ഘട്ടത്തിലുമെല്ലാം പരമാവധി സീറ്റ് പിടിച്ചെടുക്കുകയാണ് അഖിലേഷ് യാദവിന്‍റെ ലക്ഷ്യം. 

2017 ലെ ഭരണവിരുദ്ധ വികാരത്തിനിയിലും 15 സീറ്റ് നേടാന്‍ രണ്ടാംഘട്ട തെരഞ‍്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ദളിത് ഒബിസി വിഭാഗങ്ങളിലെയും ന്യൂനപക്ഷവിഭാഗങ്ങളിലെ പിന്തുണ സമാജ്‍വാദി പാര്‍‍ട്ടിക്ക് ഉറപ്പിക്കാനായോയെന്ന് രണ്ടോ മൂന്നോ ഘട്ടങ്ങളില്‍ തന്നെ വ്യക്തമാകും.