ഗവർണ്ണർ വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് വിസി ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.

ഗവർണ്ണർ വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് വിസി ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ  ഭാര്യ പ്രിയ വ‍ർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് ചാൻസിലർ കൂടിയായ ഗവർണ്ണർ. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. നിയമനത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് ഗവർണ്ണർ ആവശ്യപ്പെട്ടത്. 

ഗവർണ്ണർ വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് വിസി ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. അധ്യാപക നിയമനത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യം മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ ഉയർന്നു വന്ന വിവാദങ്ങൾഅനാവശ്യമാണെന്നും ഗവർണർക്ക് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രിയ വർഗീസിന്റെ നിയമനത്തിൽ, അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് ഇന്നലെ വിസി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ വിഷയത്തിൽ വിസിയോട് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. 

അതിനിടെ, നിയമന വിവാദം കത്തി നിൽക്കവേ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നൽകാനുള്ള സർക്കാർ ശുപാർശ ഗവർണ്ണർ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ ആരോപണം നേരിടുമ്പോഴാണ് പുനർ നിയമനത്തിനുള്ള സർക്കാർ ശുപാർശ ഗവർണ്ണർ അംഗീകരിച്ചത്. 

അധ്യാപന രംഗത്ത് 27 വർഷമായി തുടരുന്ന എസ്ബി കോളേജ് എച്ച് ഒ ഡി ജോസഫ് സ്കറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പ്രിയയ്ക്കാണ് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നൽകിയത്.  27 വർഷമായി അധ്യാപന രംഗത്തുള്ള ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം മേധാവി ജോസഫ് സ്കറിയയെ മറികടന്നാണ് പ്രിയക്ക് നിയമനം നൽകാൻ നീക്കം തുടങ്ങിയത്.