വയസ് തിരുത്തി ജോലിയില്‍ തുടരുന്നത് സിഐടിയു സംസ്ഥാന നേതാവടക്കം 5 പേര്‍, ബെവ്കോ കൂടുതൽ ക്രമക്കേടുകൾ പുറത്തേക്ക്

തിരുവനന്തപുരം/തൃശൂര്‍: 426 ലേബലിംഗ് തൊഴിലാളികളെ ഒന്നാം പിണറായി സര്‍ക്കാര്‍ ബെവ്കോയില്‍(Bevco) സ്ഥിരപ്പെടുത്തിയപ്പോള്‍ സിഐടിയു സംസ്ഥാന നേതാവടക്കമുള്ളവര്‍ വയസ്സുതിരുത്തി ജോലിയില്‍ തുടരുന്നതായി പരാതി. ജനനതിയ്യതി തെളിയിക്കാന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന് പകരം വയസ്സ് തിരുത്തിയ ആധാര്‍കാര്‍ഡും പാസ്പോര്‍ട്ടും ഹാജരാക്കിയെന്നാണ് പരാതി. ബെവ്കോ എംഡിയുടെ നിര്‍ദേശ പ്രകാരം ഒല്ലൂര്‍ പൊലീസ് കേസെടുത്തയുടന്‍ പരാതിക്കാരനെ ബെവ്കോ സ്ഥലം മാറ്റുകയും ചെയ്തു. നിലവിൽ ആ കേസിൽ അന്വേഷണം നിലച്ച മട്ടാണ്. കുപ്പിയിലാക്കിയ നിയമനങ്ങള്‍-ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു.
2018 ജൂണിലാണ് 426 പുറംകരാര്‍ തൊഴിലാളികളായ ലേബലിംഗ് തൊഴിലാളികളെ ബെവ്കോ സ്ഥിരപ്പെടുത്തിയത്. വിരമിക്കല്‍ പ്രായമാകാറായപ്പോള്‍ സ്ഥിരപ്പെട്ട ചിലര്‍ സ്കൂള്‍ രേഖകള്‍ ഹാജരാക്കാതെ വയസ് തിരുത്തി ആധാറെടുത്ത് പാസ്പോര്‍ട്ടും ബെവ്കോയ്ക്ക് കൈമാറി ഇപ്പോഴും ജോലിയില്‍ തുടരുന്നു എന്നാണ് ഉയര്‍ന്ന ആരോപണം.
ബെവ്കോയിലെ സിഐടിയു യൂണിയനായ വിദേശ മദ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായ പ്രതിഭ കെ എന്ന ലേബലിംഗ് തൊഴിലാളിക്കെതിരെയാണ് വിജിലന്‍സിലും മുഖ്യമന്ത്രിക്കും ബെവ്കോയിലും പരാതി നല്‍കിയത്. തൃശൂര്‍ വെയര്‍ ഹൗസിലെ തന്നെ ഒരു യുഡി ക്ലാര്‍ക്കായിരുന്നു പരാതിക്കാരന്‍. വിശദമായ പൊലീസ് അന്വേഷണം വേണമെന്ന് ബെവ്കോ എംഡി നിലപാടെടുത്തു. പിന്നാലെ പരാതിക്കാരനെ മറ്റൊരു വെയര്‍ ഹൗസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പ്രതിഭയ്ക്ക് എതിരായ പരാതിക്കൊപ്പം സമര്‍പ്പിച്ച സ്കൂള്‍ സര്‍ട്ടിഫിക്കറ്റിൽ തൃശൂര്‍ നായ്ക്കനാല്‍ വിവേകോദയം ഹൈസ്കൂളില്‍ പ്രതിഭ പഠിച്ചെന്നാണ് തെളിയിക്കുന്നത്. സ്കൂളി നിന്ന് പരാതിക്കാരന് വിവരാവകാശ നിയമപ്രകാരം കിട്ടിയ എസ്എസ്എല്‍സി ബുക്കിന്‍റെ പകര്‍പ്പില്‍ 22.04.1964 ആണ് ജനന തിയ്യതി. സ്കൂള്‍ രേഖ പ്രകാരമാണെങ്കില്‍ കഴിഞ്ഞ മാസം 21 ന് തന്നെ വിരമിക്കല്‍ പ്രായമായ 58 വയസ്സ് പൂര്‍ത്തിയായി. എന്നാല്‍ ആരോപണം നേരിടുന്ന പ്രതിഭ ഇപ്പോഴും ജോലിയിൽ തുടരുന്നു. ഇതേ വെയര്‍ ഹൗസില്‍ തന്നെയുള്ള പ്രേമ ചന്ദ്രന്‍ എന്ന് പേരുള്ള ലേബലിംഗ് തൊഴിലാളിക്കെതിരെയും പരാതിയുണ്ട്. പ്രേമയുടെ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന ഇരട്ട സഹോദരന്‍ 2016 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചെന്നും ബെവ്കോ ജീവനക്കാരന്‍ തന്നെ സമര്‍പ്പിച്ച പരാതിയിലുണ്ട്. പ്രതിഭയും പ്രേമയും കൂടാതെ വേറെയും നാലുപേര്‍ വയസ്സ് തിരുത്താന്‍ വ്യാജരേഖകള്‍ ചമച്ചാണ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നതെന്നും പരാതിയില്‍ പറയുന്നു. അതേ സമയം പ്രതിഭ സമര്‍പ്പിച്ച ആധാര്‍, പാസ്പോര്‍ട്ട് എന്നീ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ കഴിയില്ല എന്നായിരുന്നു ഏഷ്യാനെറ്റ്ന്യൂസിന് ബെവ്കോയുടെ മറുപടി. സ്ഥിരപ്പെടാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ പ്രായമായ ജീവനക്കാര്‍ സ്വന്തം ബന്ധുക്കളെ തിരുകിക്കയറ്റി സ്ഥിരനിയനം നേടിയ തൃശൂര്‍ വെയര്‍ ഹൗസില്‍ നിന്നാണ് വയസ്സ് തിരുത്തി ജോലിയില്‍ തുടരുന്നു എന്ന പരാതിയും ഉയരുന്നത്.