നടി ലീന മരിയ പോള്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
leena mariya paul

ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി ലീന മരിയ പോളിനെ ഡല്‍ഹി പൊലീസിന്റെ സാമ്ബത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലാണ് അറസ്റ്റ്. തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ ചോദ്യം ചെയ്തിരുന്നു.
ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്ബത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസുമുണ്ട്.
സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. ഏതാനും മലയാള സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്ത നടിയുടെ പേരിലുള്ളത് വരവില്‍ കവിഞ്ഞ സ്വത്താണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര എന്നീ സിനിമകളിലാണ് ലീന അഭിനയിച്ചിട്ടുള്ളത്.
തട്ടിപ്പുവീരന്‍ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളി, സാമ്ബത്തിക തിരിമറിക്കേസുകളിലെ പ്രതി, രവി പൂജാരി സംഘം വെടിവയ്പ് നടത്തിയ ബ്യൂട്ടിപാര്‍ലറിന്റെ ഉടമ എന്നീ നിലകളില്‍ ലീന മരിയ പോള്‍ (33) പലപ്പോഴായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ചെന്നൈ നഗരത്തില്‍ കടലിനഭിമുഖമായുള്ള ആഡംബര വീടും ആഡംബര കാറുകളും ലീന മരിയ പോള്‍ സ്വന്തമാക്കിയത് അടക്കം അളവില്ലാത്ത പണം ലഭിക്കുന്നതിന്റെ സ്രോതസ്സ് തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തിയത്.
വീടിനു പുറമേ 16 ആഡംബര കാറുകള്‍, 2 കിലോ സ്വര്‍ണം, 82.50 ലക്ഷം രൂപ, ആഡംബര ഷൂസുകളുടെയും ബാഗുകളുടെയും വന്‍ശേഖരം എന്നിവയും ഇഡി കണ്ടുകെട്ടി. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബെന്റ്ലി ബെന്റെയ്ഗ, ഫെറാറി 458 ഇറ്റാലിയ, ലംബോര്‍ഗിനി ഉറൂ, എസ്‌കലേഡ്, മെഴ്‌സിഡീസ് എഎംജി 63 എന്നിവയുള്‍പ്പെടെയാണു പിടിച്ചെടുത്തത്. 40,000 ഡോളര്‍ (29.6 ലക്ഷം രൂപ) വിലയുള്ള ബാഗുകളും കൂട്ടത്തിലുണ്ട്. സുകാഷും ലീനയും ചേര്‍ന്ന് ബെനാമി ഇടപാടിലൂടെ വാങ്ങിയ വീടാണിതെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
പതിനേഴാം വയസ്സില്‍ സാമ്ബത്തികത്തട്ടിപ്പിലേക്കു തിരിഞ്ഞ സുകാഷ് (ബാലാജി), ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതബന്ധങ്ങളും തുറുപ്പുചീട്ടാക്കിയാണ് തട്ടിപ്പുകള്‍ക്കു കളമൊരുക്കിയത്. ഇപ്പോള്‍ വയസ്സ് 31, ഇതിനിടെ ഇരുപതോളം തട്ടിപ്പു കേസുകള്‍. ബെംഗളൂരു വികസന അഥോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരില്‍ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യ കേസ്. തമിഴ്‌നാട്ടിലെത്തിയാല്‍ ബീക്കണ്‍ ഘടിപ്പിച്ച കാറില്‍ പാഞ്ഞിരുന്ന സുകാഷ്, മുഖ്യമന്ത്രിയുടെ മകന്‍ ആണെന്നു വരെ പലരെയും വിശ്വസിപ്പിച്ചു.
ചെന്നൈ അമ്ബത്തൂരിലെ കാനറ ബാങ്ക് ശാഖയില്‍ നിന്ന് 19 കോടിയുടെ വായ്പത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിവയുടെ പേരില്‍ 2013 ലാണു ലീനയും സുകാഷും അറസ്റ്റിലായത്. അന്ന് 9 ആഡംബര കാറുകളും തോക്കുകളുമുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും തട്ടിപ്പു തുടര്‍ന്നു.
ലീന അറസ്റ്റിലായപ്പോള്‍ ചെന്നൈ പൊലീസ് കേസ് ഫയലില്‍ ഉള്‍പ്പെടുത്തിയത് തൃശൂരിലെ വിലാസമാണ്. എന്നാല്‍, കുടുംബം കോട്ടയത്താണെന്നു പിന്നീടു വിവരങ്ങള്‍ ലഭിച്ചു. ബ്യൂട്ടിപാര്‍ലര്‍ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ കൊച്ചി കേന്ദ്രീകരിച്ചാണ്.
ഇതിനിടെ, മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ സുകാഷുമായി അടുത്ത് തട്ടിപ്പിലേക്കു തിരിഞ്ഞു. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേരളത്തിലെ ചിലരുമായി ലീന സംസാരിച്ചതായി കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു. കടവന്ത്രയില്‍ ലീന നടത്തിയിരുന്ന ബ്യൂട്ടിപാര്‍ലറിലേക്ക് രവി പൂജാരി സംഘം 2017ല്‍ വെടിവയ്പ് നടത്തിയെന്ന കേസിലും അന്വേഷണം നടന്നിരുന്നു. സുകാഷ് ജയിലിലായതോടെ കണക്കറ്റ സ്വത്ത് ലീനയുടെ കൈവശമായെന്നു കരുതിയ രവി സംഘം, 25 കോടി ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.