പ്രീമിയര്‍ ലീഗില്‍ മിന്നുംതുടക്കവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
premier league

പുതുസീസണില്‍ സ്വപ്നതുല്യമായ തുടക്കവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഓള്‍ഡ് ട്രാഫേഡിനെ ചെങ്കടലാക്കി ഒഴുകിയെത്തിയ ആരാധകക്കൂട്ടത്തെ ഉന്മാദത്തിലാറാടിച്ച ചെങ്കുപ്പായക്കാര്‍ ലീഡ്സ് യുനൈറ്റഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് തകര്‍ത്തത്. ഹാട്രിക് ഗോളുകളുമായി സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസ് സീസണിലെ കന്നി മത്സരം അവിസ്മരണീയമാക്കി.
പന്തടക്കത്തില്‍ ഒപ്പത്തിനൊപ്പം നിെന്നങ്കിലും പ്രതിരോധം തുറന്നിടുന്ന ലീഡ്സിന്റെ കളി ശൈലി യുനൈറ്റഡ് മുതലെടുക്കുകയായിരുന്നു. 30 മിനിറ്റില്‍ ബ്രൂണോയിലൂടെയാണ് യുനൈറ്റഡ് അക്കൗണ്ട് തുറന്നത്. ആദ്യ പകുതിയില്‍ മറ്റുഗോളുകളൊന്നും പിറന്നില്ല. 48ാം മിനിറ്റില്‍ ലൂക് ഐലിങ്ങിന്‍റെ ഗോളിലൂടെ ലീഡ്സ് ഒപ്പമെത്തി. ഉണര്‍ന്നെണീറ്റ യുനൈറ്റഡ് 52ാം മിനിറ്റില്‍ ഗ്രീന്‍വുഡിലൂടെ ലീഡ് പിടിച്ചു. 54, 60 മിനിറ്റുകളില്‍ ബ്രൂണോയുടെ കാലുകള്‍ വീണ്ടും ഗോള്‍ ചുരത്തിയതോടെ യുനൈറ്റഡ് അജയ്യരാകുകയായിരുന്നു. 68ാം മിനിറ്റില്‍ ഫ്രെഡ് യുനൈറ്റഡിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
റെക്കോര്‍ഡ് തുകയ്ക്ക് കൗമാര താരം ജേഡന്‍ സാഞ്ചോയെയും ഫ്രാന്‍സിന്‍റെ സൂപ്പര്‍ താരം റാഫേല്‍ വരാനെയയും ടീമിലെത്തിച്ച യുനൈറ്റഡ് ഇക്കുറി പ്രീമിയര്‍ ലീഗ് കിരീടം ഓള്‍ഡ് ട്രാഫേഡിെലത്തിക്കണമെന്ന വാശിയിലാണ്. 2012-13 സീസണിലെ കിരീട നേട്ടത്തിന് ശേഷം പ്രതാപികളായ യുനൈറ്റഡിന് പ്രീമിയര്‍ ലീഗില്‍ മുത്തമിടാന്‍ ആയിട്ടില്ല.